✍️ ई-पत्रिका

[ई-पत्रिका][bleft]

📌Research Article

[साहित्‍य][bleft]

'നളിനി' രസാനുഭൂതിയും ആത്മിയ പരിണാമവും – സൈദ്ധാന്തികാവലോകനം

സംഗ്രഹം

നിരൂപണം കേവലം ധൈഷണികവ്യാപാരമായി മാറിയ ഒരു കാലഘട്ടത്തിൽ അതിനെ സർഗ്ഗാത്മകമാക്കാൻ ശ്രമിച്ച നിരൂപകരിൽ ഒരാളാണ് എം കെ സാനു. കാവ്യത്തിൻ്റെ ഭാവമേഖലയായിരുന്നു സാനുവിനെ ഏറെ ആകർഷിച്ചത്. ദുരന്തകാവ്യങ്ങളോടായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രതിപത്തി. അതുകൊണ്ടു തന്നെ പാശ്ചാത്യസാഹിത്യത്തിലെ ദുരന്തനാടകങ്ങളാണ് സാനുവിനെ കൂടുതലും ആകർഷിച്ചത്. മലയാളത്തിൽ കുമാരനാശാൻ്റെ കാവ്യലോകം സാനുവിനെ ഏറെ ആകർഷിച്ചതിനു കാരണവും മറ്റൊന്നല്ല. ആശാൻ്റെ 'നളിനി' എന്ന കാവ്യത്തിലെ ഭാവമേഖലയെ അദ്ദേഹം നിരൂപണവിധേയമാക്കിയിട്ടുണ്ട്. 'നളിനി'യിലെ പ്രണയം കേവലം ശാരീരികമായ ശൃംഗാരമല്ലെന്നും, അത് ശാന്തം എന്ന രസത്തിലേക്ക് പരിണമിക്കുന്ന ഒന്നാണെന്നും എം.കെ. സാനു നിരീക്ഷിക്കുന്നു. ലൗകികമായ പ്രണയത്തിൽ തുടങ്ങി ആത്മീയമായ ഉണർവിൽ (ശാന്തം) അവസാനിക്കുന്ന കാവ്യാനുഭൂതിയെ സാനു സസൂക്ഷ്മം വിശകലനം ചെയ്യുന്നുണ്ട്. വിപ്രലംഭ ശൃംഗാരത്തിൽ നിന്ന് വൈരാഗ്യത്തിലേക്കുള്ള നായികാനായകന്മാരുടെ മാറ്റം ഭാരതീയ സാഹിത്യചിന്തയിലെ രസസിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ പഠനവിധേയമാക്കാനാണ് ഈ പ്രബന്ധത്തിലൂടെ ശ്രമിക്കുന്നത്. പ്രേമം ഭക്തിയായും പിന്നീട് മോക്ഷമായും മാറുന്ന പ്രക്രിയ 'നളിനി'യിൽ രസനിഷ്ഠമായി എപ്രകാരം സംഭവിക്കുന്നു എന്നും ഈ പ്രബന്ധം വ്യക്തമാക്കുന്നു.

താക്കോൽ വാക്കുകൾ - കുമാരനാശാൻ, എം കെ സാനു, നളിനി, രസം, ശൃംഗാരം, ശാന്തം

'Nalini': Aesthetic Experience and Spiritual Evolution – A Theoretical Overview

Abstract

M.K. Sanu is a critic who sought to make literary criticism a creative endeavor at a time when it had dwindled into a mere intellectual exercise. He was deeply drawn to the emotional realms of poetry, with a particular affinity for tragic works. Consequently, Western tragedies significantly influenced him. This same inclination drew him toward the poetic world of Kumaran Asan in Malayalam literature. Sanu has critically analyzed the emotional landscape of Asan’s poem, 'Nalini'. He observes that the love depicted in 'Nalini' is not merely physical eroticism (shringara), but one that evolves into the sentiment of tranquility (shantham). He meticulously examines the poetic experience that begins with worldly love and culminates in spiritual awakening. This paper attempts to study the transition of the protagonists from the sorrow of separation (vipralambha shringara) to detachment, based on the Rasa theory of Indian aesthetics. Furthermore, it illustrates how the process of love transforming into devotion and ultimately into liberation (moksha) unfolds in 'Nalini' through the lens of Rasa.

Keywords: Kumaran Asan, M.K. Sanu, Nalini, Rasa, Shringara, Shantham

ആമുഖം:

മലയാള കവിതയിൽ സ്നേഹം എന്ന വികാരത്തെ സർഗ്ഗാത്മകമാക്കി മാറ്റിയ കവികളിൽ പ്രഥമഗണനീയനാണ് കുമാരനാശാൻ. പ്രണയത്തെ കേവലം ദേഹബദ്ധമായ ഒന്നായി കാണാതെ, അതിനെ ആത്മീയമായ ഒരു പരിവർത്തനത്തിന് ഹേതുവായി ആശാൻ അവതരിപ്പിച്ചു. ‘നളിനി’ അഥവാ ഒരു സ്നേഹം എന്ന കാവ്യത്തിൽ ലൗകിക പ്രണയം ആത്മീയമായ അവസ്ഥയിലേയ്ക്ക് മാറുന്ന അനുഭവമാണ് ആശാൻ അവതരിപ്പിച്ചത്. കൃതികളിലെ ആന്തരികാനുഭൂതിയെ തൻ്റെ നിരൂപണങ്ങളിലൂടെ അന്വേഷിച്ച നിരൂപകനായ എം കെ സാനു കേവലം ആശാൻ കവിതകളെ സാങ്കേതികമായി വിശകലനം ചെയ്യുന്നതിന് പകരം അതിലെ ആന്തരിക ചൈതന്യത്തെ കണ്ടെത്താനാണ് തൻ്റെ നിരൂപണത്തിലൂടെ ശ്രമിക്കുന്നത്. നളിനി എന്ന കാവ്യത്തെ അദ്ദേഹം സമീപിക്കുന്നതും അതിലെ ആന്തരികമായ ഭാവസംഘർഷങ്ങളുടെയും, നാടകീയതയുടെയും അടിസ്ഥാനത്തിലാണ്. ആശാൻ കവിതകളിലെ വൈകാരിക സംഘർഷങ്ങളെയും ദാർശനികതയെയും പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിൻ്റെ നിരൂപണത്തിന് സാധിച്ചിട്ടുണ്ട്. നളിനി എന്ന കാവ്യത്തിലെ രസാനുഭൂതിയെക്കുറിച്ചുള്ള എം.കെ. സാനുവിൻ്റെ നിരീക്ഷണങ്ങളെ വിശകലനം ചെയ്തു കൊണ്ട് ലൗകികമായ ശൃംഗാരം ആത്മീയമായ ശാന്തത്തിലേയ്ക്ക് പരിണമിയ്ക്കുന്നത് കവിതയിൽ ആവിഷ്ക്കരിച്ചിരിക്കുന്നതെങ്ങനെ എന്ന് ഭാരതീയ കാവ്യശാസ്ത്രത്തിലെ രസസിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ ഈ പ്രബന്ധം അന്വേഷിക്കുന്നു.

ഭരതന്റെ നാട്യശാസ്ത്രത്തിൽ വേരൂന്നിയ രസ സിദ്ധാന്തം, പ്രേക്ഷകരിൽ വികാരങ്ങളുടെയും സൗന്ദര്യാത്മക അനുഭവങ്ങളുടെയും ഉത്തേജനത്തിന് പ്രാധാന്യം നൽകുന്നു. ആശാന്റെ നളിനി എന്ന കവിത വ്യത്യസ്തങ്ങളായ രസങ്ങളെ സമുചിതമായി സംയോജിപ്പിക്കുകവഴി വായനക്കാരെ ആകർഷിക്കുന്നതോടൊപ്പം വ്യത്യസ്തങ്ങളായ വൈകാരിക അവസ്ഥകളിലൂടെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. വിപ്രലംഭ ശൃംഗാരത്തിൻ്റെ തീവ്രമായ ഭാവങ്ങളെ ശാന്ത രസത്തിലേക്ക് ലയിപ്പിക്കാനുള്ള കവിയുടെ ശ്രമമാണ് നളിനി എന്ന കാവ്യത്തെ ഉദാത്തമാക്കുന്നത്. എം കെ സാനു ആ വൈകാരിക ഭാവങ്ങളെ തൻ്റെ നിരൂപണത്തിൽ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.

രസം - സൈദ്ധാന്തിക അവലോകനം

ഭരതന്റെ നാട്യശാസ്ത്രത്തിൽ വേരൂന്നിയ രസ സിദ്ധാന്തം, കല പ്രേക്ഷകരിൽ വിവിധ വികാരങ്ങളെയും സൗന്ദര്യാത്മക അനുഭവങ്ങളെയും ഉണർത്തുകയും അതുവഴി അനുവാചകനെ ആനന്ദത്തിൻ്റെ അലൗകികമേഖലകളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു എന്ന് നിരീക്ഷിക്കുന്നു. രസം എന്ന ഭാവശില്പമാണ് രൂപശില്പത്തിൻ്റെ അടിസ്ഥാന ഘടകം. അതുകൊണ്ടാണ് ഭരതൻ കാവ്യത്തിൻ്റെ ആത്മാവായി രസത്തെ കണ്ടത്. രസദർശനത്തിൻ്റെ ബീജാവാപം നടന്നത് വൈദിക കാലഘട്ടത്തിലെ ക്രാന്തദർശികളായ ഋഷിമാരുടെ തത്ത്വാന്വേഷണങ്ങളിലാണെന്നും വൈദിക വിജ്ഞാനത്തിൽ നിന്നും അത് കലാവിജ്ഞാനത്തിലേയ്ക്ക് പകർന്നതാണെന്നും കരുതപ്പെടുന്നു. പ്രകൃതിയെയും അതിലെ മനുഷ്യനെയും പുന:സൃഷ്ടിക്കുന്ന സാഹിത്യകാരൻ്റെ പ്രതിഭ അവയിലെ ഓരോ കണത്തിലും രസം പകർന്നു വയ്ക്കുകയാണ് ചെയ്യുന്നത്. അതിനെ സിദ്ധാന്ത തലത്തിൽ അവതരിപ്പിക്കുകയാണ് ഭരതൻ ചെയ്തത്. കാവ്യത്തിൻ്റെ ആസ്വാദ്യതയ്ക്ക് അടിസ്ഥാനമായതെന്തോ അതാണ് രസമെന്ന് ഭരതൻ പ്രസ്താവിക്കുന്നു. കലയുടെ നിഗൂഢ തലത്തിൽ സ്വപ്നം പോലെ വിഭ്രാമകരമായി വിളങ്ങുന്ന, പ്രതീതി മാത്രഗോചരമായ വൈകാരികലാവണ്യാനുഭൂതിയാണ് രസം.

ഭരതപക്ഷത്തിൽ സ്ഥായിഭാവങ്ങൾ എട്ടെണ്ണമാണുള്ളത്. രതി, ശോകം, ഉത്സാഹം, ക്രോധം, ഹാസം, ഭയം, ജുഗുപ്സ, വിസ്മയം എന്നിവയാണവ. അനുവാചകൻ്റെ മനസ്സിൽ സ്ഥായിയായി വർത്തിക്കുന്ന ഈ ഭാവങ്ങൾ കാവ്യത്തിൽ വിഭാവ, അനുഭാവ, വ്യഭിചാരീ ഭാവങ്ങളുടെ സ്വാധീനത്താൽ ഉദ്ദീപ്തമാവുകയും രസമായി പരിണമിക്കുകയും ചെയ്യുന്നു. നാട്യശാസ്ത്രത്തിൽ ശാന്തരസത്തെ പറ്റി പരാമർശമില്ല. ഉദ്ഭടാചാര്യനാണ് ശാന്തത്തെ രസമായി ആദ്യം പരിഗണിച്ചു കാണുന്നത്. സ്ഥായിഭാവത്തെ പരിപോഷിപ്പിച്ച് രസപദവിയിലേക്ക് നയിക്കുന്നവയാണ് വ്യഭിചാരിഭാവങ്ങൾ. മുപ്പത്തിമൂന്ന് വ്യഭിചാരിഭാവങ്ങളെ പറ്റി ഭരതമുനി നാട്യശാസ്ത്രത്തിൽ പറയുന്നുണ്ട്. കാവ്യത്തിൽ സ്ഥായിഭാവങ്ങൾക്കും, വ്യഭിചാരിഭാവങ്ങൾക്കും പരിപുഷ്ടിയുണ്ടാകുന്നതിന് തക്കതായ കാരണം ഉണ്ടാവേണ്ടതുണ്ട്. അവയാണ് വിഭാവങ്ങൾ. വാചികാംഗിക സ്വാത്വികാഭിനയങ്ങളെ വിഭാവനം ചെയ്യുന്നതാണ് വിഭാവം. ആലംബനം എന്നും ഉദ്ദീപനം എന്നും വിഭാവം രണ്ടു വിധം. ആരെ അല്ലെങ്കിൽ എന്തിനെ ആലംബമാക്കിയാണോ ഭാവം ഉന്മിഷത്താകുന്നത് അതാണ് ആലംബനവിഭാവം. വ്യക്തി, വസ്തു, വസ്തുത, സംഭവം എന്നിവലേതുമാവാം അത്. ഭാവത്തിന് ഉദ്ദീപനം സൃഷ്ടിക്കാൻ പാകത്തിലുള്ള പശ്ചാത്തലം അല്ലെങ്കിൽ അന്തരീക്ഷസൃഷ്ടിയാണ് ഉദ്ദീപനവിഭാവം. അനുവാചകമനസ്സിൽ സ്ഥായിയോ സഞ്ചാരിയോ ആയ ഭാവമുണർന്നു കഴിഞ്ഞാൽ അത് അംഗചേഷ്ടയായോ മുഖഭാവത്താലോ പ്രകാശിതമാകുന്നതാണ് അനുഭാവം. രസാനുഭവത്തിനു കാരണമായിട്ടുള്ള വാചികവും ആംഗികവും സാത്വികവുമായ അഭിനയമാണ് അനുഭാവം എന്ന് ഭരതൻ പറയുന്നു. ഇത്തരത്തിൽ വിഭാവ, അനുഭാവ, വ്യഭിചാരീ ഭാവങ്ങൾ കൂടിച്ചേർന്ന് രസം ഉണ്ടാകുന്നു. എല്ലാ സാഹിത്യകൃതികളിൽ നിന്നും ഏതെങ്കിലും ഒരു രസം അനുവാചകന് അനുഭവവേദ്യമാകുന്നു. ആ രസം ലൗകിക ജീവിതത്തിലെ ഭാവങ്ങളിൽ നിന്ന് വ്യത്യസ്തമാണുതാനും.

എം കെ സാനു

സ്വന്തം കാവ്യാസ്വാദനാനുഭവത്തെ പകർന്നു കൊടുക്കുക എന്നതാണ് എം കെ സാനുവിൻ്റെ നിരൂപണ രീതി. ഓരോ കൃതിയിലൂടെയും ബൗദ്ധികമായും ലാവണ്യശാസ്ത്രപരമായും സഞ്ചരിച്ചുകൊണ്ട് അതിൻ്റെ ആത്മാവിനെ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്. സൈദ്ധാന്തിക ചിന്തകളെ പാരമ്പര്യ വഴിയിൽ മാത്രം കാണാതെ, അതിന് മനഃശാസ്ത്രപരവും ദാർശനികവുമായ പുതിയ വ്യാഖ്യാനങ്ങൾ നൽകാൻ എം.കെ. സാനുവിന് കഴിഞ്ഞിട്ടുണ്ട്. ആശാൻ്റെ കവിതയിലെ ഭാവതീവ്രതയെയും സൗന്ദര്യത്തെയും അടയാളപ്പെടുത്തുന്ന കൃതിയാണ് അശാന്തിയിൽ നിന്നും ശാന്തിയിലേയ്ക്ക്. ആശാൻ്റെ കാവ്യലോകത്തെ സമഗ്രമായി ഈ കൃതിയിൽ സാനു വിശകലനവിധേയമാക്കുന്നു. അശാന്തമായ ലൗകികജീവിത സമസ്യകളിൽ നിന്നും ശാന്തിയുടെ തീരത്തേക്കുള്ള പ്രയാണങ്ങളായാണ് ആശാൻ്റെ കൃതികളെ സാനു അടയാളപ്പെടുത്തുന്നത്. കഥാപാത്രങ്ങളുടെ ചിത്തവൃത്തികളെ സൂക്ഷ്മമായി അവതരിപ്പിച്ചു കൊണ്ട് കാവ്യത്തിൻ്റെ ഭാവമേഖലയിലേയ്ക്ക് അനുവാചകനെ കൂട്ടിക്കൊണ്ടുപോവുകയാണ് സാനുവിൻ്റെ നിരൂപണ ലക്ഷ്യം. സാധാരണ വായക്കാരെ മുൻനിർത്തിയാണ് അദ്ദേഹത്തിൻ്റെ നിരൂപണങ്ങൾ രൂപപ്പെട്ടിട്ടുള്ളത് എന്നത് കൊണ്ടുതന്നെ സൈദ്ധാന്തിക ചിന്തകളുടെ ഭാരം ആ നിരൂപണങ്ങളിൽ നിന്ന് അനുവാചകന് അനുഭവപ്പെടുകയില്ല. എങ്കിലും ഏതെങ്കിലും ഒരും സൈദ്ധാന്തിക അടിത്തറ ആ നിരൂപണങ്ങൾക്ക് പിൻബലമായി വർത്തിക്കുന്നുണ്ടെന്നതാണ് വസ്തുത.

കുമാരനാശാൻ - നളിനി

സ്നേഹഭാവത്തെ സർഗ്ഗാത്മകമായി കൈകാര്യം ചെയ്യുന്നതിൽ സ്ഥിരമായി അഭിമുഖ്യം പുലർത്തിയ കവിയാണ് കുമാരനാശാൻ. 'വീണപൂവ്' എന്ന കാവ്യത്തിൽ പ്രതിഷ്ഠിതമാക്കിയിരിക്കുന്നതിനെക്കാൾ കുറച്ചുകൂടി സമഗ്രമായി സ്നേഹഭാവത്തിന് ആവിഷ്ക്കരണം നൽകുന്നതിന് 'നളിനി'യിൽ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആത്മീയവും ലൗകികവുമായ സ്നേഹഭാവങ്ങൾക്ക് വ്യത്യാസമില്ല എന്ന സങ്കല്പമാണ് നളിനി എന്ന നായികാകഥാപാത്രത്തിലൂടെ ആശാൻ ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് എം.കെ. സാനു കരുതുന്നു. കാവ്യാരംഭത്തിൽ ഉൽഫുല്ല ബാലരവി പോലെ കാന്തിമാനായ യുവയോഗിയായ ദിവാകരനെയാണ് കവി അവതരിപ്പിക്കുന്നത്. അതിനു ശേഷം യോഗിയോട് ബന്ധപ്പെടുത്തിയാണ് നായികയായ നളിനിയുടെ വൃത്താന്തത്തിലേയ്ക്ക് കവി തിരിയുന്നത്. അടുത്തു തന്നെ സംഭവിക്കാൻ പോകുന്ന നായികാനായക സമാഗമത്തിൻ്റെ സൂചനകൾ നായികയുടെ ഭാവഹാവാദികളിലൂടെ കവി അവതരിപ്പിക്കുന്നു. അച്ഛനമ്മമാരെ വെടിഞ്ഞ് യോഗസാധനയിലൂടെ മനോനിയന്ത്രണം നേടിയവളെന്ന് രൂപം കൊണ്ട് അനുവാചകന് തോന്നിക്കുമെങ്കിലും ക്ഷണനേരം കൊണ്ട് ആ തോന്നൽ ഇല്ലാതാവുകയും ചെയ്യുന്ന തരത്തിലാണ് നളിനിയുടെ ആത്മാലാപനം കവി അവതരിപ്പിച്ചിരിക്കുന്നത്. നളിനിയുടെയും ദിവാകരൻ്റെയും സമാഗമത്തിനുള്ള സാഹചര്യം ഇതിലൂടെ സജ്ജമാക്കുകയും ചെയ്യുന്നു. മധുരഗാനത്തിൻ്റെ ഉറവിടം തേടി ദയയാൽ പ്രേരിതനായെത്തുന്ന യോഗി ദിവാകരനാണെന്ന് തിരിച്ചറിഞ്ഞ് ആ സവിധത്തിലേക്ക് നായിക പാഞ്ഞെത്തുകയും ആ പാദത്തിലേയ്ക്ക് മൃദുഹേമയഷ്ടി പോലെ നിപതിക്കുകയും ചെയ്യുന്നു. ആരാണ് നീ എന്ന യോഗിയുടെ ചോദ്യത്തിന് നളിനി ഉത്തരം പറയുമ്പോൾ മാത്രമാണ് പൂർവ്വകാലത്തെക്കുറിച്ചുള്ള സ്മരണ അയാളിൽ ഉണ്ടാകുന്നത്. അപ്പോഴും യമിമര്യാദയോടുകൂടി നിൽക്കുന്ന ദിവാകരൻ വിവേകത്തോടെയാണ് പെരുമാറുന്നതെങ്കിലും നളിനി സങ്കീർണ്ണ വികാരങ്ങൾക്ക് വിധേയമാകുന്നത് അവളുടെ ബാഹ്യചേഷ്ടകളിലൂടെ ആശാൻ വെളിപ്പെടുത്തുന്നു.

ലൗകികവികാരങ്ങളാൽ പ്രേരിതയായി തൻ്റെ പൂർവ്വ കഥാഖ്യാനം നടത്തുന്ന നായികയുടെ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം യോഗിയെ അവളിലേയ്ക്ക് കൂടുതൽ ശ്രദ്ധാലുവാക്കുന്നു. തുടർന്നുവരുന്ന സന്ദർഭം നാടകീയമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ആത്മനിയന്ത്രണത്തിൻ്റെ പാരമ്യത്തിൽ നിൽക്കുന്ന ദിവാകരൻ ഒരു വശത്തും അനിയന്ത്രിതവികാരങ്ങളാൽ വിവശയായ നളിനി മറുവശത്തും. വിരുദ്ധഭാവങ്ങളുടെ സംഗമം നടക്കുന്ന ഈ അവസ്ഥയിലാണ് യോഗി അതിൻ്റെ ശമനത്തിനായി 'മഹാകാവ്യ സാരം' ഉപദേശിക്കുന്നത്. അതോടുകൂടി ദിവാകരൻ്റെ തോളിലേയ്ക്ക് നളിനി വീഴുകയും സായൂജ്യമടയുകയും ചെയ്യുന്നു. കാവ്യാവസാനം അവിടേയ്ക്ക് നളിനിയെത്തേടി വരുന്ന വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് കാഷായവസ്ത്രം ധരിച്ച യോഗിനി ദിവാകരൻ്റെ ശരീരത്തിൽ വരണമാല്യം പോലെ കിടക്കുന്ന നളിനിയുടെ തേജസ്സറ്റ ശരീരം ശാന്തി വിഗ്രഹത്തിൽ നിന്നും വാടിയ മാല മാറ്റുന്നതുപോലെ വേർപെടുത്തി. അതിനുശേഷം വിധിപ്രകാരം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവന്മാരായ അവർ, പാർവ്വതീദേവി പാദം സ്പർശിച്ചുവെന്ന് കരുതപ്പെടുന്ന ആ പവിത്രമായ മണ്ണിൽ, യോഗിവര്യന്മാർക്ക് നൽകുന്നതുപോലെ ഉചിതമായ രീതിയിൽ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. തുടർന്ന് ആയുവയോഗിയെപ്പറ്റി 'അവിരത സുഖമാർന്നാനാ മഹാൻ ബ്രഹ്മഭൂയം' എന്ന് പ്രസ്താവിച്ചു കൊണ്ട് കാവ്യം അവസാനിപ്പിക്കുകയും ചെയ്യുന്നു. കാവ്യാരംഭം പോലെ തന്നെ അവസാനവും നായകനും അയാളുടെ അലൗകികഭാവവുമാണ് അനുവാചകന് നളിനി കാവ്യത്തിൽ നിന്ന് അനുഭവവേദ്യമാകുന്നത് എന്ന് കാണാം. ഇത്തരത്തിൽ ലൗകികവികാരങ്ങളുടെ സംഘട്ടനത്തിലൂടെ അലൗകികമായ അവസ്ഥയിലേയ്ക്ക് കഥാപാത്രങ്ങളെയും അനുവാചകനെയും കൂട്ടിക്കൊണ്ടുപോകുന്ന രീതിയിലാണ് നളിനി എന്ന കാവ്യത്തിൻ്റെ ഇതിവൃത്തത്തെ ആശാൻ നിബന്ധിച്ചിരിക്കുന്നത്.

കവിയുടെ ഉള്ളിലെ ഭാവമാണ് കാവ്യത്തിലൂടെ രസമായി പരിണമിക്കുന്നത്. കവിയായ കുമാരനാശാൻ്റെ ആത്മാവിൽ നിറഞ്ഞുനിന്ന അനുഭൂതിയാണ് നളിനി എന്ന കാവ്യം ഉൾക്കൊള്ളുന്നത് എന്ന് എം കെ സാനു പറയുന്നു.

പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കിൽ

തീരുകില്ല…’ ഇതിലെ ‘അഴൽ’ എന്ന പദത്തിന് ആവിഷ്ക്കരണത്തിനു വേണ്ടിയുള്ള വെമ്പൽ എന്ന അർത്ഥമാണ് സാനു കല്പിക്കുന്നത്. നളിനികാവ്യരചനയ്ക്ക് പിന്നിൽ ആശാനെ അലട്ടിയിരുന്ന അമൂർത്തമായ അനുഭൂതിയ്ക്ക് ഉചിതമായ മൂർത്തരൂപം നൽകി ആവിഷ്ക്കരിക്കുന്നതിന് എടുത്ത ക്ലേശം സർഗ്ഗാത്മക പ്രതിഭയുള്ള ആരെയും അലട്ടുന്നതാണ്. അതുകൊണ്ടു തന്നെ തൻ്റെ ആത്മാനുഭൂതിയുടെ ആവിഷ്കരണത്തിന് അനുയോജ്യമല്ലെന്ന് തോന്നിയ പല ശ്ലോകങ്ങളും കവിതയിൽ നിന്ന് ഉപേക്ഷിക്കുകയും ചെയ്തു എന്ന് എം. കെ. സാനു രേഖപ്പെടുത്തുന്നുണ്ട്.

നളിനിയിൽ ശൃംഗാരം, കരുണം, ശാന്തം എന്നിങ്ങനെ മൂന്ന് രസങ്ങളാണ് പ്രധാനമായും ആധിപത്യസ്ഥാനത്ത് വരുന്നതെന്ന് കാണാൻ സാധിക്കും. എന്നാൽ പ്രധാനരസം ശാന്തമാണോ ശൃംഗാരമാണോ എന്നതിനെപ്പറ്റിയുള്ള ചിന്തകൾ ദീർഘകാലമായി നിരൂപണരംഗത്ത് നടന്നു വരുന്നുണ്ട്. നളിനിയുടെ അവതാരികയിൽ എ. ആർ. രാജരാജവർമ സത്വഗുണപ്രധാനമായ ശൃംഗാരമാണ് ഇതിലെ സ്ഥായിയായ രസം എന്ന് പറയുന്നുണ്ട്. എന്നാൽ ശൃംഗാരത്തോടൊപ്പം കരുണവും കാവ്യാവസാനത്തിൽ ശാന്തവും പ്രധാനരസമായി കടന്നുവരുന്നതായി എം. കെ. സാനു നിരീക്ഷിക്കുന്നു. സ്നേഹത്തിൻ്റെ ആത്മീയവും ലൗകികവുമായ ഭാവങ്ങളും ശൃംഗാരത്തിൻ്റെ വിപ്രലംഭഭാവവും നളിനിയിൽ സാനു കാണുന്നു.

വിഭാവ, അനുഭാവ, വ്യഭിചാരീഭാവങ്ങളുടെ സംയോഗത്താലാണ് അനുവാചകനിൽ രസനിഷ്പന്നമാകുന്നത്. ആരെ ആശ്രയിച്ചാണോ രസം ഉൽപ്പന്നമാകുന്നത് അവരാണ് ആലംബനവിഭാവം. നളിനിയിൽ നായികയായ നളിനിയും യോഗിയായ ദിവാകരനുമാണ് ആലംബനവിഭാവങ്ങൾ. രസമുണർത്താൻ കാരണമാകുന്ന സാഹചര്യങ്ങളെയും പശ്ചാത്തലത്തെയുമാണ് 'വിഭാവം' എന്ന് വിളിക്കുന്നത്. എം. കെ. സാനു വളരെ വ്യക്തമായി അത് അവതരിപ്പിക്കുന്നുണ്ട്. ഹൈമവതഭൂവിൽ, വിഭാതവേളയുടെ ഇളംവെയിലിൽ, ബാലസൂര്യനെപ്പോലെ ഉല്ലസിക്കുന്ന യുവയോഗിയെ തെളിഞ്ഞുകണ്ടു കൊണ്ടാണ് നാം കാവ്യത്തിലേക്ക് കടക്കുന്നത്. ഹിമാലയ സാനുക്കളും പ്രഭാതവും ആണ് ഇവിടെ ഉദ്ദീപനവിഭാവങ്ങളായി പ്രവർത്തിക്കുന്നത്. ഇത് വായനക്കാരനിൽ ഒരു പ്രത്യേക മാനസികാവസ്ഥ (ഭാവം) സൃഷ്ടിക്കുന്നു. മാത്രമല്ല, ഹൈമവതഭൂവ്, യുവയോഗി എന്നീ പ്രയോഗങ്ങൾ ഒരു ഭാരതീയ മനസ്സിൽ ഉറങ്ങിക്കിടക്കുന്ന പൗരാണികബോധത്തെ ഉദ്ദീപിപ്പിക്കുന്നവയാണെന്നുമുള്ള സാനുവിൻ്റെ നിരീക്ഷണം കാവ്യത്തിന് ആത്മീയമായ ഔന്നത്യം നൽകുന്നു. ഇന്ദ്രിയങ്ങളിലൂടെ ഇന്ദ്രിയാതീതമായ ഒരനുഭവമേഖലയിലേയ്ക്ക് അനുവാചകരെ കാവ്യം കൂട്ടിക്കൊണ്ടുപോകുന്നു.

മനസ്സിലെ വികാരം പുറത്തേക്ക് പ്രകടമാകുന്ന രീതിയാണ് അനുഭാവം. നളിനിയുടെ ആത്മാലാപനം കേൾക്കുന്ന നായകൻ താമരപ്പൊയ്കയുടെ തീരത്തെത്തുകയും നളിനിയെ കാണുകയും ചെയ്യുന്ന സന്ദർഭത്തെ ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘അവളുടെ നേർക്ക് ആദ്യം തോന്നിയത് അലിവാണ്. ‘ഹാ! കൃശാതരു തലത്തിലിന്ദു വിന്നേക രശ്മിയതുപോലെ യാരിവൾ, മാഴ്കിടുന്നു, ദയ തോന്നും…’ എന്ന അലിവോടെയാണ് അവളെ യതി നോക്കുന്നത്. സാഷ്ടാംഗം പ്രണമിച്ച അവളെ ഹസ്തസംജ്ഞയാൽ അദ്ദേഹം എഴുന്നേൽപ്പിക്കുന്ന സന്ദർഭത്തിലും യതിക്ക് ഉചിതമായ രീതിയിലാണ് അവളോട് സംസാരിക്കുന്നത്. സാഷ്ടാംഗം പ്രണമിച്ച അവളെ ഹസ്തസംജ്ഞയാൽ യതി എഴുന്നേൽപ്പിക്കുന്നു എന്നിടത്ത് നളിനിയുടെ ഭക്തിയും അനുരാഗവും പ്രണാമത്തിലൂടെയും, ദിവാകരന്റെ കരുണ കൈകൊണ്ടുള്ള ആംഗ്യത്തിലൂടെയും പ്രകടമാകുന്നു. മറ്റൊരു സന്ദർഭത്തിൽ പൂർവ്വജന്മവാസനയാൽ പ്രേരിതനായി യതി നെടുവീർപ്പിടുന്നതും, നളിനിയുടെ ഇടതുകരം തുടിക്കുന്നതും എല്ലാം ആന്തരികമായ വികാരങ്ങളുടെ ബാഹ്യപ്രകടനങ്ങളാണ്.

സ്ഥായീഭാവത്തെ പുഷ്ടിപ്പെടുത്താൻ ഇടയ്ക്കിടെ വന്നുപോകുന്ന വികാരങ്ങളാണ് വ്യഭിചാരിഭാവങ്ങൾ. നളിനിയുടെ മനസ്സിലെ ‘ദുഃഖം’, ദിവാകരനെ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ‘കൗതുകം’, വിയോഗം ഭയന്നുള്ള ‘ആശങ്ക’ ഇവയെല്ലാം നളിനിയുടെ ആത്മീയ അനുരാഗം എന്ന പ്രധാനഭാവത്തെ ബലപ്പെടുത്തുന്നു. യതിയുടെ മനസ്സിലെ നിസ്സംഗാവസ്ഥ ശാന്തഭാവത്തെയും ബലപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ കാവ്യത്തിലെ വിഭാവ, അനുഭാവ, വ്യഭിചാരീഭാവങ്ങളുടെ ഉചിതമായ സംയോഗത്തിലൂടെ ശൃംഗാരം എന്ന സ്ഥായീഭാവം കരുണത്തിലൂടെ ശാന്തരസമായി പരിണമിക്കുന്ന കാഴ്ചയാണ് നളിനിയിൽ സാധ്യമായിരിക്കുന്നത്.

ഹൈമവതഭൂവിൽ, വിഭാതവേളയുടെ ഇളംവെയിലിൽ, ബാലസൂര്യനെപ്പോലെ ഉല്ലസിക്കുന്ന യുവയോഗിയെ അവതരിപ്പിച്ചുകൊണ്ടാണ് കാവ്യം ആരംഭിക്കുന്നത്. വികസ്വര സരസ്സിൽ നിന്ന് യോഗിയെ എതിരേൽക്കാനെത്തുന്ന സുരഭിലവായുവിലെ സൗരഭ്യം ഘ്രാണേന്ദ്രിയത്തെയും വായു സ്പർശനേന്ദ്രിയത്തെയും സ്പർശിക്കുന്നതാണ്. താമരപ്പൊയ്കയുടെ തീരത്തു നിൽക്കുന്ന നളിനിയുടെ ആത്മാലാപനം വാക്കിലും പൊരുളിലും രസസ്രവം വായ്ക്കുന്നതുമാണ്. രുചിയുമായാണ് അതിനെ സാനു ബന്ധിപ്പിക്കുന്നത്. ഇത്തരത്തിൽ കാവ്യത്തിലെങ്ങും ഇന്ദ്രിയസ്പർശിയായ ഒരന്തരീക്ഷം ആസ്വാദകർക്ക് അനുഭവവേദ്യമാകുന്ന തരത്തിലാണ് കാവ്യം നിബന്ധിച്ചിരിക്കുന്നതെന്ന് എം. കെ. സാനു പറയുന്നുണ്ട്. ലൗകികതയിൽ നിൽക്കുന്ന നായികയുടെ മാനസികഭാവത്തെ (വിപ്രലംഭശൃംഗാരം) പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് കവി വായനക്കാരനിലേയ്ക്ക് എത്തിക്കുന്നത്.

ശാന്ത വീചിയതിൽ വീചി പോലെ സം-
ക്രാന്ത ഹസ്തമുടൽ ചേർന്നു തങ്ങളിൽ
കാന്തനാദമൊടു നാദമെന്ന പോൽ
കാന്തിയോടപര കാന്തി പോലെയും -

ആദ്യത്തെ രണ്ട് വരികളിൽ ഏകേന്ദ്രിയഗോചരമായ ചിത്രമാണുള്ളത്. മൂന്നാം വരിയിൽ കാന്തനാദവും നാദവും ചേരുന്നിടക്ക് സംഗീതമാണ് രൂപപ്പെടുന്നത് എന്നും അത് ബാഹ്യകർണ്ണങ്ങളെ മാത്രമല്ല, മനസ്സിൻ്റെ സൂക്ഷ്മതലങ്ങളെക്കൂടി തരളമാക്കുന്നു എന്നും സാനു നിരീക്ഷിക്കുന്നു. നാലാമത്തെ വരിയിൽ കാന്തിയും അപരകാന്തിയും തമ്മിലുള്ള സംയോഗം ഒരു ആത്മീയാനുഭവമായി പരിണമിക്കുന്നതിനാൽ അവാച്യമായ ഗഹനത അതിൽ കലർന്നിരിക്കുന്നതായി കാണാം. ഇത്തരത്തിൽ ലാളിത്യത്തിൽ നിന്ന് ഗഹനതയിലേയ്ക്ക് കാവ്യഭാവത്തിന് വികാസം നൽകുന്ന രീതിയിലാണ് ഇന്ദ്രിയാനുഭവങ്ങൾ ആശാൻ ക്രമീകരിച്ച് നിബന്ധിച്ചിട്ടുള്ളത്. മാത്രമല്ല, ശ്ലോകങ്ങളിലെ ശബ്ദവും അർത്ഥവും വായനക്കാരനിൽ എങ്ങനെയാണ് സൗന്ദര്യാത്മകമായ അനുഭവം ഉണ്ടാക്കുന്നത് എന്ന് സാനു വിശദീകരിക്കുന്നുണ്ട്. ഇത് ഭാരതീയ മീമാംസയിലെ 'രസാനുഭൂതി' എന്ന സങ്കല്പത്തിന് ചേർന്നതാണ്. ഇത്തരത്തിൽ അനുവാചകനിൽ ഇന്ദ്രിയവേദ്യമായ അനുഭവങ്ങളിലൂടെ അതീന്ദ്രിയാനുഭൂതിയിലേയ്ക്കാണ് കാവ്യം അനുവാചകനെ കൂട്ടിക്കൊണ്ടുപോകുന്നതെന്ന വസ്തുത കാവ്യത്തിലെ പല സന്ദർഭങ്ങളെയും ചൂണ്ടിക്കാണിച്ചു കൊണ്ട് സാനു വ്യക്തമാക്കുന്നുണ്ട്.

ഇന്ദ്രിയനിഗ്രഹം നടത്തിയ യോഗിയായ ദിവാകരനാണ് നായകസ്ഥാനത്തുള്ളത്. ശമം എന്ന സ്ഥായീഭാവമാണ് ദിവാകരനിൽ പ്രകടമാകുന്നത്. ലോകജീവിതത്തെ 'ചാരുചിത്രപടഭംഗി'യായി കാണുന്ന അദ്ദേഹത്തിന്റെ ദർശനം ശാന്തരസത്തിൽ അധിഷ്ഠിതമാണ്. ഇതിൻ്റെ നേർവിപരീതമായ അവസ്ഥയാണ് നളിനിയുടേത്. അവളിൽ രതി എന്ന സ്ഥായിഭാവമാണുള്ളത്. അത് വിപ്രലംഭശൃംഗാരമായാണ് കാവ്യത്തിൽ പ്രകടമാകുന്നത്. ഈശ്വരധ്യാനത്തിനിടയിലും അവൾ പ്രിയന്റെ ഓർമ്മയാൽ അസ്വസ്ഥയാകുന്നത് അതുകൊണ്ടാണ്. അവളുടെ വാക്കുകളിൽ വികാരാർദ്രമായ ശൃംഗാരത്തിന്റെ വിലാസഭംഗികളാണുള്ളത്. ആ വികാരത്തോടുകൂടിയാണ് നായകനായ യോഗിയുടെ അരികിലേയ്ക്ക് അവൾ എത്തുന്നതും പാദത്തിൽ മൃദുഹേമയഷ്ടി പോലെ നിപതിക്കുന്നതും. തുടർന്നുവരുന്ന ഭാഗങ്ങളിലും സങ്കീർണ്ണ വികാരങ്ങൾക്ക് അധീനയാകുന്ന നളിനി ആ മാനസികാവസ്ഥയോടെയാണ് ദിവാകരനോട് പൂർവ്വകഥ വിവരിക്കുന്നത്. കഥ കേട്ട ശേഷം വീണ്ടും കാണാം എന്ന് പറഞ്ഞു ദിവാകരൻ പോകാൻ ശ്രമിക്കുന്ന സന്ദർഭത്തിലാണ് നളിനിയിലെ ശോകം എന്ന സ്ഥായീഭാവം കൂടുതൽ തീവ്രമാകുന്നതും അത് കരുണരസത്തിലേയ്ക്ക് വഴിമാറുന്നതും. തുടർന്ന് ആത്മനിയന്ത്രണത്തോടെ നിൽക്കുന്ന യോഗിയുടെ ചുമലിലേയ്ക്ക് അനിയന്ത്രിത വികാരങ്ങളാൽ വിവശയായ നളിനി നിപതിക്കുന്നു. നായികാനായക സംഗമം ഒരൊറ്റ ശ്ലോകത്തിലൂടെയാണ് കവി ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് സാനു പറയുന്നു. അത് അലൗകിക ഭാവവ്യഞ്ജകവുമാണ്. വികാരം അതിൻ്റെ മൂർദ്ധന്യാവസ്ഥയിലെത്തി നിൽക്കുന്ന ഈ സന്ദർഭത്തിനു ശേഷമാണ് കവി ദിവാകരനെ ലൗകികതലത്തിലേയ്ക്ക് ഇറക്കിക്കൊണ്ടുവരുന്നത്.

‘ഉത്തമേ! വിഗതരാഗമാകുമെ-
ന്നുൾത്തടത്തെയുമുലച്ചു ശാന്ത നീ
ഇത്തരം ധരയിലെങ്ങു ശുദ്ധമാം

ചിന്തവും മധുരമായ രൂപവും’ എന്ന ശ്ലോകത്തിലും തുടർന്നുവരുന്ന പതിനേഴു ശ്ലോകങ്ങളിലും ദിവാകരഭാഷണത്തിൽ ലൗകികമായ വികാരങ്ങൾ ദാർശനിക ചിന്തയുടെ ചൈതന്യത്തോടെ പ്രകാശിതമാകുന്നതായി എം. കെ. സാനു നിരീക്ഷിക്കുന്നു. ഇത്തരത്തിൽ ലൗകികമായ ശൃംഗാരത്തിൻ്റെയും ആത്മീയമായ നിർവ്വേദത്തിൻ്റെയും സംഘട്ടനത്തിൽ നിന്ന് ഉളവാകുന്ന നാടകീയത അനുവാചകനിലേയ്ക്കും സംക്രമിക്കുന്നു. അത്യന്തം വിരുദ്ധമായ രണ്ടു ചിത്തവൃത്തികൾ ഒരു സന്ദർഭത്തിൽ ഒരേ ബിന്ദുവിൽ സന്ധിക്കുമ്പോൾ ആ സംഘർഷത്തിൽ നിന്ന് പ്രസ്തുത സന്ദർഭത്തെ മോചിപ്പിക്കാനും സമന്വയത്തിലെത്തിക്കാനും ഒരു ഭാരതീയ മനസ്സിനേ കഴിയൂ എന്ന സാനുവിൻ്റെ നിരീക്ഷണം ആശാൻ്റെ മനസ്സ് ഒരു ഭാരതീയൻ്റേതാണെന്നതിനെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ആ മനസ്സിൽ നിന്നാണ് ‘മഹാവാക്യസാരം’ മന്ത്രധ്വനിയായി നളിനിയുടെ ശ്രവണപുടങ്ങളിൽ പതിയുന്നത്. അപ്പോൾ അവളിൽ നിന്ന് ‘ഓം’ എന്ന ‘ശ്രുതി നിഗൂഢ വൈഖരി’ ഉണരുകയും ചെയ്യുന്നു. ഈ ഭാഗങ്ങളിലെല്ലാം നളിനിയെ പിൻതുടരുന്ന അനുവാചകനിലും കരുണരസമാണ് ആധിപത്യം ചെലുത്തുന്നതെന്നു കാണാം. കാവ്യാവസാനം നളിനിയുടെ ആചാര്യയായിരുന്ന യോഗിനി നളിനിയുടെ മരണത്തിൽ വാവിട്ടുകരയുന്ന സന്ദർഭത്തിലും കരുണമാണ് കാവ്യാന്തരീക്ഷത്തിൽ പ്രകടമാകുന്നത്. തുടർന്ന് വരുന്ന ഭാഗങ്ങൾ ശാന്തരസത്തിലേയ്ക്ക് വഴിമാറുന്നതായി കാണാം. നായികയിൽ നിന്ന് തേജസ്സുയർന്ന് നിത്യതയിലലിയുന്നതോടെ അത് പരിസമാപ്തിയിലെത്തുകയും ചെയ്യുന്നു.

ഇതിവൃത്തത്തിന് അലൗകികത പ്രദാനം ചെയ്യുന്നതിൽ കാവ്യപശ്ചാത്തലമായ ഹൈമവതഭൂവിന് വലിയ സ്ഥാനമാണുള്ളതെന്ന് എം. കെ. സാനു പറയുന്നുണ്ട്. പാർവ്വതീപരമേശ്വരന്മാരുടെ പാവനസ്മരണ അത് അനുവാചകനിൽ ഉണർത്തുന്നു. കാവ്യത്തിൽ പല സ്ഥലങ്ങളിലായി പാർവ്വതിയെ സംബന്ധിക്കുന്ന പരാമർശങ്ങളുള്ളതും ഇതിവൃത്തത്തിലെ ആത്മീയഘടകമായി മാറുന്നു. നളിനിയെ അടക്കം ചെയ്യുന്നത് ‘ഗിരിജ ചേവടി ചേർന്ന’ ദിക്കിലാണ്. തപസ്സിലൂടെ തൻ്റെ ആഗ്രഹം നേടി ജന്മസാഫല്യം പ്രാപിച്ച പാർവ്വതിയുടെ സാന്നിധ്യം കാവ്യത്തിൽ ഭാവവ്യഞ്ജകമായ പ്രതീകമായി മാറുന്നു.

കാവ്യത്തിൻ്റെ അവസാന ഭാഗം കരുണരസത്താൽ സമ്പന്നമാണ്. നളിനി തന്റെ പ്രണയവും ജീവനും ദിവാകരന്റെ പാദങ്ങളിൽ സമർപ്പിക്കുമ്പോൾ അവിടെ 'കരുണം' അതിന്റെ പൂർണ്ണതയിലെത്തുന്നു. അപ്പോഴും നായകൻ ലൗകികഭാവങ്ങളുടെ തലത്തിലേക്ക് ഇറങ്ങുന്നതായ പ്രതീതി കാവ്യത്തിൽ ഉളവാകാത്ത രീതിയിലാണ് 'നളിനി'യിലെ പദനിബന്ധനയും ബിംബങ്ങളും അലങ്കാരവുമെല്ലാം ആശാൻ സംവിധാനം ചെയ്തിട്ടുള്ളത് എന്ന എം. കെ. സാനുവിൻ്റെ നിരീക്ഷണം ദിവാകരൻ്റെ ദൃഢപ്രകൃതിയെയാണ് സൂചിപ്പിക്കുന്നത്. കൈയെഴുത്തുപ്രതിയിൽ നിന്ന് ആശാൻ പിന്നീട് ഒഴിവാക്കിയ ശ്ലോകത്തിലെ 'ഹിമബിന്ദു പോലവേ മെല്ലെ വീണിവിടെ മാഞ്ഞുപോയൊരാൾ' എന്ന ബിംബം ജീവിതത്തിന്റെ നശ്വരതയെയും അതുണ്ടാക്കുന്ന ശോകത്തെയുമാണ് (കരുണരസത്തെ) തീവ്രമായി ആവിഷ്കരിച്ചിരിക്കുന്നതെന്ന് സാനു കരുതുന്നു.

കവിതയിലെ പശ്ചാത്തലമാണ് രസാനുഭൂതിയെ ഉണർത്തുന്ന ഉദ്ദീപനവിഭാവങ്ങളായി പ്രവർത്തിക്കുന്നതെന്ന് കാണാം. ഹിമാലയത്തിന്റെ ഔന്നത്യം ദിവാകരന്റെ തപഃശക്തിയെയും (ശാന്തം) അവിടുത്തെ പ്രകൃതി നളിനിയുടെ വികാരങ്ങളെയും (ശൃംഗാരം) ഒരേസമയം പ്രതിഫലിപ്പിക്കുന്നു. 'സ്വാമിയാം രവിയെ നോക്കിനില്ക്കുമെൻ താമരേ' എന്ന പ്രയോഗം നളിനിയുടെ ആത്മീയവും ലൗകികവുമായ പ്രേമത്തിന്റെ പ്രതീകമാണ്. ഇത് ശൃംഗാരത്തെ ആത്മീയതയിലേക്ക് ഉയർത്തുന്നു. മാത്രമല്ല, രസസിദ്ധാന്തത്തിലെ പ്രധാനഘടകമായ 'രസശാന്തി' കാവ്യത്തിന്റെ അന്ത്യത്തിൽ കാണാൻ കഴിയും. നളിനിയുടെ മരണം വെറുമൊരു അന്ത്യമല്ല, മറിച്ച് 'ഓം' എന്ന പ്രണവമന്ത്രത്തിൽ അലിഞ്ഞുചേരുന്ന മഹാവാക്യസാരമാണ്. ഇവിടെ ലൗകികമായ അനുരാഗം (ശൃംഗാരം) ആത്മീയമായ മോക്ഷത്തിൽ (ശാന്തം) വിലയം പ്രാപിക്കുന്നു.

ദിവാകരന്റെ ഉള്ളം ഇടയ്ക്ക് അല്പമൊന്നുലയുന്നുണ്ടെങ്കിലും ഉടനെ തന്നെ അദ്ദേഹം സംയമനം വീണ്ടെടുക്കുന്നത് യോഗമാർഗ്ഗത്തിൽ നിന്നും ഒരിക്കലും അയാൾ വ്യതിചലിക്കുന്നില്ല എന്നതിന് തെളിവായി സാനു ചൂണ്ടിക്കാണിക്കുന്നു. ഇത് ശാന്തരസത്തിലേയ്ക്കുള്ള കാവ്യത്തിൻ്റെ ഒഴുക്കിനെയാണ് സൂചിപ്പിക്കുന്നത്. സാനുവിൻ്റെ അഭിപ്രായത്തിൽ പ്രകൃതിയും സന്ദർഭങ്ങളോട് അനുഭാവപൂർവ്വം പ്രതികരിച്ചു കൊണ്ട് കാവ്യഭാവത്തിൻ്റെ അവിഭാജ്യാംശമായി ഒരു യോഗിനിയെപ്പോലെ തുടിച്ചു നിൽക്കുന്നു.

ഇതിവൃത്തത്തിലെ ക്രിയാംശത്തെ നിശ്ചിത ലക്ഷ്യത്തിലേക്ക് നയിക്കുന്നതിൽ കാവ്യത്തിലുടനീളം അലൗകികമായ ഒരദൃശ്യശക്തിയുടെ സ്വാധീനം പ്രവർത്തിക്കുന്നതായി സാനു പറയുന്നുണ്ട്. നളിനിയുടെ മാനസികഭാവങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾക്ക് (ശൃംഗാരത്തിൽ നിന്നും ശാന്തരസത്തിലേക്കുള്ള ഭാവപരിണാമത്തിൽ) ഈ അദൃശ്യശക്തിയ്ക്കും പങ്കുണ്ട്. ‘ദിവാകരയോഗിയെ താമരപ്പൊയ്കയിലേക്കു നയിക്കുന്നത് പൂർവ്വജന്മവാസനയാണ്.’ ‘നളിനിയുടെ ഇടതുകരം തുടിക്കുന്നു.’ ‘യോഗിയിൽ നിന്ന് നെടുവീർപ്പുയരുന്നു.’ ‘അത് നളിനീഹൃദയത്തിൽ അലകൾ സൃഷ്ടിക്കുന്നു.’ ‘നിദ്രയിൽ നളിനിക്ക് വസിഷ്ടഭാമിനിയുടെ ദർശനം ലഭിക്കുന്നു.’ ഇത്തരത്തിൽ നൈരാശ്യത്തിൻ്റെ പരകോടിയെപ്പോലും അതിലംഘിച്ചു കൊണ്ട് നളിനിയുടെ അന്വേഷണവും പ്രയാണവും ലക്ഷ്യമാക്കുന്നത് പൂർണ്ണതയെയാണ്. അത് കേവലം ലൗകികമായ സുഖമല്ല, മറിച്ച് ‘അവിയോഗമാം സുഖ’മാണെന്ന് എം. കെ. സാനു കരുതുന്നു. മായയുടെ വ്യാമോഹങ്ങളിൽ നിന്നു വിമുക്തി നേടി നിത്യതയെ പ്രാപിക്കാൻ വെമ്പുന്ന ജീവാത്മാവിൻ്റെ പ്രതീകമായാണ് നളിനിയെ എം. കെ. സാനു കാണുന്നത്.

നളിനിയിൽ ശൃംഗാരവും കരുണവും ശാന്തരസത്തിന് വഴിമാറിക്കൊടുക്കുകയാണ് ചെയ്യുന്നത്. വിരുദ്ധമായ രണ്ട് ചിത്തവൃത്തികൾ (അനുരാഗവും വൈരാഗ്യവും) തമ്മിലുള്ള സംഘർഷം 'മഹാവാക്യസാര'ത്തിലൂടെ ശാന്തിയിൽ പരിസമാപ്തി അടയുന്നു. ഇത് കാവ്യത്തെ രസനീയതയിലേയ്ക്ക് ഉയർത്തുന്നു. അനുവാചകനെയും അത് മാനസികമായ ഔന്നത്യത്തിലേയ്ക്കാണ് നയിക്കുന്നത്.

ചുരുക്കത്തിൽ ശൃംഗാരത്തിന്റെയും കരുണത്തിന്റെയും പാതകളിലൂടെ സഞ്ചരിച്ച് ഒടുവിൽ ശാന്തരസത്തിൽ അവസാനിക്കുന്ന ‘നളിനി’ കാവ്യം അനുരാഗത്തിൻ്റെ ആത്മീയപരിണാമത്തെയാണ് വെളിപ്പെടുത്തുന്നത്. കാവ്യാരംഭത്തിൽ നളിനിയിൽ വിപ്രലംഭ ശൃംഗാരഭാവവും, ദിവാകരനിൽ ശാന്തഭാവവുമാണ് അധിപത്യം ചെലുത്തുന്നതെങ്കിൽ നളിനി - ദിവാകര സമാഗമരംഗങ്ങളിൽ അത് കരുണമായി മാറുന്നു. നളിനിയുടെ അന്ത്യം കരുണരസത്തിൻ്റെ ആഴം വർദ്ധിപ്പിക്കുകയും, വായനക്കാരിൽ ഭൗതികബന്ധങ്ങൾക്ക് അതീതമായ സ്നേഹത്തിൻ്റെ ഒരു ദിവ്യാനുഭൂതിയായി അത് മാറുകയും ചെയ്യുന്നു. ദിവാകരനിൽ കാവ്യാരംഭത്തിൽ തുടങ്ങി അവസാനം വരെ ശാന്തരസമാണ് ആധിപത്യം ചെലുത്തുന്നതെന്നാണ് സാനുവിൻ്റെ പക്ഷം. നളിനിയുമായുള്ള സമാഗമവേളയിൽ അത് കരുണത്തിന് വഴിമാറുന്നതായി തോന്നാം എന്ന അഭിപ്രായം അദ്ദേഹത്തിനില്ല എന്ന് കാവ്യവിശകലനത്തിൽ നിന്ന് മനസ്സിലാക്കാം. ‘സ്നേഹമാണഖില സാരമൂഴിയിൽ’ എന്ന മന്ത്രം, സ്നേഹത്തിൻ്റെ ലൗകികവും ആത്മീയവുമായ ഭാവങ്ങൾക്ക് വൈരുദ്ധ്യമില്ല എന്ന സങ്കല്പമാണ് അനുവാചകനിൽ അവശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ കാവ്യാത്മക ഉപാധികളുടെ ഉപയോഗത്തിലൂടെയും കഥാപാത്രങ്ങളുടെ മാനസികഭാവങ്ങളുടെ സംഘട്ടനത്തിലൂടെയും വിവിധ രസം സന്നിവേശിപ്പിച്ചും, നാടകീയത സൃഷ്ടിച്ചു കൊണ്ടും മനുഷ്യാനുഭവത്തിന്റെ സങ്കീർണ്ണതകൾ വിവരിച്ചു കൊണ്ടും വായനക്കാരനെ ആകർഷിക്കുകയും സമ്പന്നമായ ഒരു വൈകാരികാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയാണ് ആശാൻ നളിനി എന്ന കാവ്യത്തിലൂടെ ചെയ്തത് എന്ന നിരീക്ഷണത്തിൽ രസം അലൗകികമാണെന്ന ഭാരതീയചിന്തയുടെ സ്വാധീനമാണ് കാണാൻ സാധിക്കുന്നത്. എന്ന് മാത്രമല്ല, കാവ്യത്തിലുടനീളം കാണുന്ന അലൗകികശക്തിയുടെ സ്വാധീനം നളിനിയെ പരമാത്മാവിനെ പ്രാപിക്കാൻ വെമ്പുന്ന ജീവാത്മാവായി അവതരിപ്പിക്കുന്നത് എല്ലാം തന്നെ കാവ്യത്തിലെ ആത്മീയമായ ഔന്നത്യത്തിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. അനുവാചകനെ ലൗകികഭാവങ്ങളിൽ നിന്നും അലൗകികഭാവങ്ങളിലേയ്ക്ക് നയിച്ചു കൊണ്ട് മനഃസംസ്കരണം എന്ന കാവ്യലക്ഷ്യത്തിലേയ്ക്കു കൂടി കാവ്യം അനുവാചകനെ കൂട്ടിക്കൊണ്ടുപോകുന്നു.

സഹായക കൃതികൾ

1. അച്യുതനുണ്ണി ചാത്തനാത്ത് (ഡോ.), (2015), ഭാരതീയ സാഹിത്യ ദർശനം, ഒന്നാം എഡിഷൻ, സാഹിത്യപ്രവർത്തക സഹകരണ സംഘം.

2. കുമാരനാശാൻ എൻ., (2004), ആശാൻ്റെ പദ്യകൃതികൾ, ഏഴാം എഡിഷൻ, ഡി. സി. ബുക്സ്.

3. ഭരതമുനി, നാട്യശാസ്ത്രം, ഒന്നാം വാല്യം (വിവർത്തനം: കെ. പി. നാരായണപ്പിഷാരടി), (1997), കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

4. സാനു എം. കെ. (2011), അർത്ഥരുചി, മാളുബൻ പബ്ലിക്കേഷൻസ്.

5. സാനു എം. കെ. (2013), അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്, ഗ്രീൻ ബുക്സ്.

- Sreeja P R (Research Scholar)
 HOD & Assistant Professor
Department of Malayalam
S N M College, Maliankara
Ernakulam, Kerala.
sreejapr8281@gmail.com








Post A Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

No comments :

Note: Only a member of this blog may post a comment.